വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ടതേ ഓര്‍മ്മയുള്ളൂ; 23.4 ലക്ഷം രൂപ നഷ്ടമായി ഉഡുപ്പി സ്വദേശി

news image
Jan 22, 2025, 9:23 am GMT+0000 payyolionline.in

ഉഡുപ്പി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ വാര്‍ത്തകളിലേക്ക് ഒന്നുകൂടി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ട മൗറീസ് ലോബോ എന്നയാള്‍ക്ക് 23.4 ലക്ഷം രൂപ നഷ്ടമായതാണ് പുതിയ സംഭവം. വലിയ പ്രതിഫലം കിട്ടുമെന്ന് കാണിച്ചുള്ള ഓണ്‍ലൈന്‍ ട്രേഡിംഗ് റാക്കറ്റിന്‍റെ കെണിയില്‍പ്പെട്ടാണ് ഇയാള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈന്‍ ട്രേഡിംഗിന് എന്നുപറഞ്ഞ് പണം സ്വീകരിച്ച ശേഷം തിരികെ നല്‍കാതെയുമുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനാണ് ഉഡുപ്പി സ്വദേശി ഇരയായത്. അപരിചിതരായ അഡ്‌മിന്‍മാര്‍ മൗറീസ് ലോബോയെ ‘Aarayaa HSS’ എന്ന് പേരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കുകയായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിംഗിന് വേണ്ട നിര്‍ദേശങ്ങള്‍ തരാം എന്നായിരുന്നു ഗ്രൂപ്പില്‍ അംഗമായപ്പോള്‍ ലഭിച്ച മെസേജ്. മികച്ച പ്രതിഫലം ഇത്തരത്തില്‍ ലഭിക്കുന്നുണ്ടെന്ന് ഗ്രൂപ്പിലെ അംഗങ്ങള്‍ പലരും അവകാശപ്പെടുകയും ചെയ്തു. ഈ വിശ്വാസത്തില്‍ മൗറീസ് ലോബോ തന്‍റെയും അമ്മയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 23.4 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഗ്രൂപ്പില്‍ പറഞ്ഞ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2024 ഡിസംബര്‍ 2 മുതല്‍ 2025 ജനുവരി 6 വരെയായിരുന്നു ഈ തുകകള്‍ കൈമാറിയത്. എന്നാല്‍ നല്‍കിയ പണത്തിനുള്ള പ്രതിഫലം പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ ലോബോയ്ക്ക് അതിന് കഴിഞ്ഞില്ല. ഇതോടെയാണ് സിഇഎന്‍ പൊലീസ് സ്റ്റേഷനില്‍ ലോബോ പരാതി നല്‍കിയത്.

വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ടതിന് ശേഷം വലിയ തുകകള്‍ നഷ്ടമാകുന്ന ആദ്യത്തെ സംഭവമല്ല ഇത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായ നിരവധി പേരുടെ വിവരങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലക്ഷങ്ങളും കോടികളും സ്വന്തമാക്കാം എന്ന മോഹനവാഗ്ദാനം നല്‍കിയാണ് ആളുകളെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതും പണം തട്ടുന്നതും. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയും ഇത്തരം തട്ടിപ്പുകള്‍ സജീവമാണ്. അതിനാല്‍ അപരിചിതരായ ആളുകള്‍ മെസേജുകളും ലിങ്കുകളും അയക്കുമ്പോള്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe