കളമശ്ശേരി: യുവാവിനെ പ്രണയം നടിച്ച് മൊബൈൽ ഫോണും സ്കൂട്ടറും തട്ടിയെടുത്തതായ പരാതിയിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. എറണാകുളം കൊല്ലംപടി സ്വദേശിയായ യുവാവിനെ പ്രണയം നടിച്ച പ്രതിയായ എളമക്കര ചെമ്മാത്ത് വീട്ടിൽ അപർണ സി.എ. (20),സുഹൃത്ത് മുള്ളംതുരുത്തി, എടക്കാട്ടുവയൽ, പടിഞ്ഞാറെ കൊല്ലം പടിക്കൽ വീട്ടിൽ സോജൻ (25) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വാട്ട്സാപ് വഴി പരിചയപ്പെട്ട ഇരുവരും നേരിൽ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനു മായി ലുലു മാളിൽ എത്താൻ നിർദ്ദേശിച്ചത് പ്രകാരം യുവാവ് സ്വന്തം സ്കൂട്ടറിൽ കഴിഞ്ഞ ആറാം തീയതി വൈകീട്ട് മൂന്ന് മണിയോടെ ലുലു മാളിൽ ഭക്ഷണശാലയിൽ എത്തുകയായിരുന്നു. സൗഹൃദം നടിച്ച് യുവാവിന്റെ കയ്യിൽ നിന്ന് മൊബൈൽ ഫോണും സ്കൂട്ടന്റെ താക്കോലും തന്ത്രപൂർവം യുവതി കൈക്കലാക്കി.
സൗഹൃദത്തിൽ സംസാരിച്ച് യുവാവിന്റെ മൊബൈലിന്റെ പാസ്വേഡ് മാറ്റിയ ശേഷം യുവാവ് ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയ സമയം മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലുമായി പുറത്തിറങ്ങി. ഈ സമയം പുറത്ത് കാത്തുനിന്ന പ്രതിയുടെ സുഹൃത്തായ രണ്ടാം പ്രതി സോജൻ മാളിനെ സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ ഇരുന്ന സ്കൂട്ടറുമെടുത്ത് കടന്നുകളയുകയായിരുന്നു. കൈവശം ഉണ്ടായിരുന്ന യുവാവിന്റെ മൊബൈൽ ഫോണിലെ അക്കൗണ്ടിൽ നിന്നും 950 രൂപ സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്തെടുത്തു.
സ്കൂട്ടറുമായി കടന്ന ഇരുവരും കോയമ്പത്തൂർ മൈസൂർ എന്നിവിടങ്ങളിൽ കറങ്ങി നടന്ന ശേഷം പാലക്കാട് എത്തിയപ്പോൾ സ്കൂട്ടർ കേടാവുകയും തുടർന്ന് സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ്കൾ ബാറ്ററി എന്നിവ അഴിച്ചുമാറ്റിയ ശേഷം അവിടെ ഉപേക്ഷിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നു. പിന്നാലെ നടത്തിയ അന്വേഷത്തിൽ ഇരുവരെയും 13ന് മുളന്തുരുത്തിയിൽ നിന്നും അറസ്റ്റുചെയ്യുകയായിരുന്നു. കളമശ്ശേരി ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
