പയ്യോളി: ‘വായനക്കളരി 2026’ ന്റെ ഭാഗമായി മേലടി ശ്രീനാരായണ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീനാരായണ ഭജനമഠം ഗവ. യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിന് ‘കുട്ടി പട്ടാളം’ എന്നാണ് പേരിട്ടിരുന്നത്. കുട്ടികളിൽ വായനാശീലവും കലാവാസനയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.
പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മുദ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ കൗൺസിലറും ഗ്രന്ഥശാലാ സംഘം നേതൃസമിതി കൺവീനറുമായ കെ. ജയകൃഷ്ണൻ, കൗൺസിലർ റയിസ് റാഫി എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പുറത്തെടുക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകി. റീഡിംഗ് തിയേറ്റർ, അഭിമുഖം എന്നിവയെക്കുറിച്ച് പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ജയൻ മൂരാട് ക്ലാസെടുത്തു. തുടർന്ന് നടന്ന നാടകക്കളരിക്ക് പ്രശസ്ത നാടക-സിനിമാ പ്രവർത്തകരായ ഷനിത്ത് മാധവിക, നിധിഷ് നാഥൻ, രഞ്ജിത്ത് കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി പ്രകാശ് പയ്യോളിയുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിമും ക്യാമ്പിൽ വെച്ച് നിർമ്മിച്ചു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ കുൽസു റാഷിദ് നിർവ്വഹിച്ചു. നേതൃസമിതി ചെയർമാൻ പി.എം. അഷറഫ്, ടി.പി. നാണു, എം.സി. സുധീഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൽ സജീവമായി പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വേദിയിൽ വെച്ച് വിതരണം ചെയ്തു. ചടങ്ങിൽ കെ.വി. ചന്ദ്രൻ സ്വാഗതവും ഗിരീഷ് എം.സി നന്ദിയും രേഖപ്പെടുത്തി.
