വാളയാർ കേസ്: എം.ജെ.‌സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ്; ഹർജി തള്ളി ഹൈക്കോടതി

news image
Jan 20, 2025, 7:11 am GMT+0000 payyolionline.in

കൊച്ചി ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.‌സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകുന്നതിനെതിരെ കുട്ടികളുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണു സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത്.

സോജന് ഐപിഎസ് നൽകുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. പെൺകുട്ടികൾക്കെതിരെ മാധ്യമങ്ങളിലൂടെ സോജൻ മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ നിലവിലുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റും ഐപിഎസും നൽകാനുള്ള നടപടിയെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

നടപടിയിൽ വീഴ്ചയില്ലെന്നും വിഷയത്തിൽ സർക്കാരിനു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് പെൺകുട്ടികളുടെ മാതാവ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നേരത്തേ, പെൺകുട്ടികളുടെ മരണത്തിൽ മാതാപിതാക്കളെയും സിബിഐ പ്രതി ചേർത്തിരുന്നു. ബലാത്സംഗ പ്രേരണാകുറ്റം ചുമത്തിയാണ് എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe