വാഹനത്തിന് പിഴയുണ്ടെന്ന് വാട്സാപ്പ് സന്ദേശം വന്നോ? പരിശോധിച്ച് ഉറപ്പാക്കണം

news image
Mar 18, 2025, 7:06 am GMT+0000 payyolionline.in

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? എങ്കിൽ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഇതിനോട് പ്രതികരിക്കുകയോ പിഴയടക്കുകയോ ചെയ്യേണ്ടതുള്ളൂ. ഓൺലൈൻ തട്ടിപ്പിന്‍റെ പുതിയ രൂപമായിരിക്കാനുള്ള സാധ്യതയുണ്ട്.

മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരിക. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം ‘പരിവാഹൻ’ ആപ്പിന്‍റേതെന്ന പേരിൽ വ്യാജ ആപ്പിന്‍റെ ലിങ്കോ വെബ്സൈറ്റ് ലിങ്കോ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്.

ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം ഹോട്ട്ലൈൻ നമ്പറായ 1930ൽ അറിയിക്കുക. ‘ഗോൾഡൻ അവർ’ എന്നാണ് ഈ സമയത്തെ പറയുന്നത്. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

യഥാർഥ പിഴയാണോ എന്ന് എങ്ങനെ അറിയാം

എ.ഐ കാമറ വഴി ഗതാഗതനിയമ ലംഘനങ്ങൾക്ക് പിഴയിടുന്നതിനാൽ പലർക്കും ഫോണിൽ പിഴ സന്ദേശം വരാറുണ്ട്. ഇത് യഥാർഥത്തിലുള്ള പിഴയാണോ അതോ വ്യാജ സന്ദേശമാണോ എന്ന് എങ്ങനെ തിരിച്ചറിയാനാകും? വഴിയുണ്ട്. പരിവാഹൻ വെബ്സൈറ്റിലെ ഇ-ചലാൻ ഡീറ്റെയിൽ എന്ന മെനുവിൽ പോയാൽ നമുക്ക് പിഴ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാം. ചലാൻ നമ്പറോ, വാഹന നമ്പറോ, ലൈസൻസ് നമ്പറോ നൽകി സെർച് ചെയ്യാം. പിഴയുണ്ടെങ്കിൽ അതിന്‍റെ വിശദാംശങ്ങൾ കാണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe