വാഹന പരിശോധനയ്ക്കിടെ നിർത്തിയില്ല; പിന്തുടർന്ന പൊലീസ് ജീപ്പിനെ ഇടിച്ചു കുഴിയിലിട്ടു, കാറിനായി അന്വേഷണം

news image
Sep 19, 2025, 1:01 pm GMT+0000 payyolionline.in

കാസർകോട്: പൊലീസ് ജീപ്പ് ഇടിച്ചു കുഴിയിൽ ചാടിച്ചശേഷം കടന്നുകളഞ്ഞ കാർ യാത്രക്കാർക്കായി അന്വേഷണം. ഇന്നലെ രാത്രിയാണ് ബേഡകം പൊലീസ് ‌സ്റ്റേഷനിലെ എസ്ഐ മനോജും സംഘവും സഞ്ചരിച്ച ജീപ്പിൽ നാല് തവണ കാർ ഇടിപ്പിച്ചത്. സംഭവത്തിൽ സിപിഒ രാകേഷിന് പരുക്കേറ്റു.

കുറ്റിക്കോൽ വച്ച് വാഹന പരിശോധന നടത്തുന്നതിനിടെ രാത്രി 11 മണിയോടെയാണ് സംഭവം. അമിത വേഗതയിൽ വന്ന കാർ പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പൊലീസ് ജീപ്പിൽ ഇടിപ്പിച്ചശേഷം ബന്തടുക്ക ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു. തുടർന്ന് കാറിനെ പൊലീസ് പിന്തുടർന്നു.

കുറ്റിക്കോൽ, ബന്തടുക്ക, പള്ളത്തിങ്കാൽ എന്നിവിടങ്ങളിൽ വച്ചാണ് കാർ ഇടിപ്പിച്ചത്. ഒടുവിൽ ഇടിയുടെ ആഘാതത്തിൽ ജീപ്പ് കുഴിയിലേക്ക് വീഴുകയായിരുന്നു. എസ്ഐ മനോജിനെക്കൂടാതെ, സിപിഒമാരായ ഗണേഷ്, രാകേഷ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രാകേഷിന് പരുക്കുപറ്റി. ഇദ്ദേഹത്തെ ബേഡകം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പിനും സാരമായി കേടുപാടു പറ്റി. അപകടമുണ്ടാക്കിയ ആൾട്ടോ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാറിലുണ്ടായിരുന്നവരെക്കുറിച്ച് സൂചന ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe