കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിർത്താതെ കടന്നു കളഞ്ഞ യുവാവിനെ തന്ത്രപൂർവം പിടികൂടി പിഴക്കൊപ്പം സന്നദ്ധ സേവനവും നിർദേശിച്ച് മോട്ടോർ വാഹനവകുപ്പ് അധികൃതർ. കഴിഞ്ഞ ദിവസം കോഴിക്കോടാണ് സംഭവം. എം.വി.ഡിയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെയാണ് ചെറുപ്പക്കാരൻ അമിത വേഗത്തിൽ നിർത്താതെ പോയത്. യുവാവിന് പിടികൂടിയപ്പോഴാണ് ലൈസൻസില്ലെന്ന് മനസിലായത്. പിന്നെ, അധികൃതർ മടിച്ചു നിന്നില്ല.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിർത്താതെ പോയതിന് 1000 രൂപ, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയും എന്നിങ്ങനെ പിഴ ഈടാക്കി. ഇതിനുപുറമെ, കോഴിക്കോട് മെഡിക്കൽ കോളജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും നിർദേശിച്ചു. ഇപ്പോൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റിന്റെ സാമൂഹിക മാധ്യമ ഇടങ്ങളിൽ യുവാവിന്റെ ബൈക്ക് ഓടിക്കലും മെഡിക്കൽ കോളജിലെ സേവനവും പ്രചരിക്കുകയാണ്.