വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി എന്താകും? വ്യാഴാഴ്ച അറിയാം

news image
Sep 19, 2022, 6:32 am GMT+0000 payyolionline.in

കൊച്ചി: നടി കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ  ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിച്ചത്. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ്  ഹർജി. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ  ഇത് മറികടക്കാൻ കഴിയില്ല എന്നുമാണ് വാദം.  ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും,  ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമാണ്   ഹർജിയിലെ വാദങ്ങൾ.അതിജീവിതയുടെ ആവശ്യപ്രകാരം ഹർജിയിൽ രഹസ്യവാദമാണ് നടന്നത്.

അതേസമയം, കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ഈ മാസം ആദ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ആറ് മാസം കൂടിയാണ് സമയം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചു, വിചാരണ പൂർത്തിയാക്കാൻ  കൂടുതൽ സമയം അനുവദിച്ചു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോർട്ട് നാലാഴ്ചയ്ക്കകം നൽകാനും സുപ്രീം കോടതി നിർദേശിച്ചു.

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നൽകിയ ഹ‍ർജിയും സുപ്രീം കോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു.  സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളിൽ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം എന്ന്  നിർദേശിച്ചു.

കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും ഇതിനിടെ ബെഞ്ച് പരാമർശിച്ചു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക എന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിതാണ് ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ജസ്റ്റിസ് എ എം ഖാൻവിൽകർ ആണ് നേരത്തെ കേസുകൾ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe