ന്യൂയോർക്ക്: സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പുതിയ ഭീഷണികൾക്ക് കാരണമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ബുധനാഴ്ച രാത്രി വിടവാങ്ങൽ പ്രസംഗം നടത്തുന്നതിനിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
ഓവൽ ഓഫിസിൽ ബൈഡൻ നടത്തുന്ന അഞ്ചാമത്തെ പ്രസംഗമാണിത്. 2024 ജൂലൈയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചപ്പോഴാണ് അദ്ദേഹം അവസാന പ്രസംഗം നടത്തിയത്. എക്കാലത്തെയും നൂതനമായ സാങ്കേതികവിദ്യയാണ് എ.ഐ. നമ്മുടെ സമ്പദ്‌വ്യവസ്ഥക്കും സുരക്ഷക്കും സമൂഹത്തിനും മനുഷ്യരാശിക്കും ഇത്രയും സാധ്യതകൾ മറ്റൊന്നും വാഗ്ദാനം ചെയ്യുന്നില്ല.
എന്നാൽ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ അവകാശങ്ങൾക്കും ജീവിതരീതിക്കും സ്വകാര്യതക്കും എ.ഐ പുതിയ ഭീഷണികൾ സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചുരുക്കം പേർ ചേർന്നു നടത്തുന്ന ഭരണം, അപകടകരമായ അധികാര കേന്ദ്രീകരണം എന്നിവക്കെതിരെയും തിങ്കളാഴ്ച വൈറ്റ് ഹൗസ് വിടുന്ന ബൈഡൻ മുന്നറിയിപ്പ് നൽകി.
‘ഇന്ന് അമേരിക്കയിൽ അതിസമ്പന്നരായ ചുരുക്കം പേർ ചേർന്നുള്ള ഭരണം രൂപപ്പെടുകയാണ്. അത് നമ്മുടെ മുഴുവൻ ജനാധിപത്യത്തെയും നമ്മുടെ അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ന്യായമായ അവസരത്തെയും ഭീഷണിപ്പെടുത്തുകയാണ്’ ബൈഡൻ പറഞ്ഞു.
‘സോഷ്യൽ മീഡിയ വസ്തുതാ പരിശോധന ഉപേക്ഷിക്കുന്നു. അധികാരത്തിനും ലാഭത്തിനും വേണ്ടി പറയുന്ന നുണകളാൽ സത്യം മൂടപ്പെട്ടിരിക്കുന്നു. നമ്മുടെ കുട്ടികളെയും കുടുംബങ്ങളെയും നമ്മുടെ ജനാധിപത്യത്തെയും അധികാര ദുർവിനിയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് സാമൂഹിക വേദികളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.