വിദേശ സന്ദർശനത്തിൽ എന്താണ് തെറ്റെന്ന് മുഹമ്മദ് റിയാസ്; പോകാതിരുന്നാൽ സാമ്പത്തിക പ്രശ്നം തീരുമോ എന്ന് ജയരാജൻ

news image
Sep 15, 2022, 7:01 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനറും മന്ത്രി മുഹമ്മദ് റിയാസും. വിവിധ രാജ്യങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും അതിനായി യാത്ര നടത്തുന്നതിൽ തെറ്റില്ല എന്നും ഇ.പി.ജയരാജൻ പറഞ്ഞു. യാത്രകളിലൂടെപല രാജ്യങ്ങളുടെയും അവസ്ഥ പഠിക്കാനാകും. അവിടം സന്ദർശിക്കുന്നതിലൂടെ അതെല്ലാം കേരളത്തിന് ഗുണകരമാകുമെന്നും ജയരാജൻ പറഞ്ഞു. വിദേശയാത്ര ഒഴിവാക്കിയാൽ സാമ്പത്തിക പ്രശ്നം തീരുമോ എന്നും ജയരാജൻ ചോദിച്ചു.

ഇടതുപക്ഷ മന്ത്രിമാർ ഒരു ധൂർത്തിനും വിധേയരാകുന്നവരല്ലെന്നും ആവശ്യാനുസരണം വിദേശയാത്ര നടത്തുന്നതിൽ തെറ്റില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കി. എല്ലാ കാലത്തും എല്ലാവരും വിദേശ യാത്ര നടത്താറുണ്ട്. ഏറ്റവുമധികം വിദേശയാത്ര നടത്തേണ്ടി വരുന്നത് ടൂറിസം വകുപ്പിനാണ്. എന്നാൽ ഇത്തവണ ടൂറിസം മന്ത്രി നടത്തിയ വിദേശയാത്രകൾ കുറഞ്ഞു പോയെന്നാണ് പൊതുവേയുള്ള നിരീക്ഷണമെന്നും മന്ത്രി പറഞ്ഞു.  15 മാസത്തിനിടെ താൻ ആകെ പോയത് യുഎഇയിൽ മാത്രമാണ്. ആഭ്യന്തര സഞ്ചാരികൾ കൂടുകയാണ്. അങ്ങനെയുള്ള ഘട്ടത്തിലാണ് ഫ്രാൻസിൽ പോകേണ്ടി വരുന്നത്. കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്നതിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസെന്നും റിയാസ് പറഞ്ഞു. ഈ യാത്ര ആവശ്യമാണോ അല്ലയോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe