ന്യൂഡൽഹി :മറ്റു വിദ്യാർഥികളെക്കൊണ്ട് അധ്യപിക വിദ്യാർഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ മുസഫർനഗർ പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. കേസിന്റെ പുരോഗതി അറിയിക്കാനും ഇരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷണത്തിനായി പൊലീസ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനാവശ്യപ്പെട്ടുമാണ് നോട്ടീസ്. സെപ്തംബർ 25നകം മറുപടി നൽകണമെന്നാണ് നിർദേശം.
കേസിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് തുഷാർ ഗാന്ധി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് അഭയ് എസ് ഓക, പങ്കജ് മിതാൽ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശം. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് മതന്യൂനപക്ഷ വിഭാഗങ്ങളിലുൾപ്പെടുന്ന കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ കൃത്യമായ മാർഗരേഖകൾ കൊണ്ടുവരണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ 24നാണ് മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ മറ്റ് വിദ്യാർഥികളെക്കൊണ്ട് അടിപ്പിച്ചത്. ക്ലാസിൽ കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയ ശേഷം അധ്യാപിക ത്രിപ്ത ത്യാഗി മറ്റ് കുട്ടികളോട് വിദ്യാർഥിയുടെ മുഖത്ത് അടിക്കാൻ ആജ്ഞാപിക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അധ്യാപികയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരാതി പിൻവലിക്കാനും ഒത്തുതീർപ്പിന് വഴങ്ങാനുമായി കുട്ടിയുടെ കുടുംബത്തിന് മേൽ സമ്മർദം ഉണ്ടാകുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.