വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

news image
Apr 18, 2024, 10:07 am GMT+0000 payyolionline.in

കോഴിക്കോട്: മതസ്പര്‍ദ്ധ വളര്‍ത്തും വിധം പ്രസംഗിച്ചെന്ന പരാതിയില്‍ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി അരുൺ ജിതിന്‍റെ പരാതിയിലാണ് നടപടി. ബിജെപിക്കെതിരെ പറയുമ്പോൾ കേസെടുക്കാൻ കേരള പൊലീസിന് എന്താണ് തിടുക്കമെന്ന് ഷമ മുഹമ്മദ് ചോദിച്ചു. തെരഞ്ഞെടുപ്പ് ഘട്ടമായതിനാൽ പൊലീസിൻ്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് പരിമിതിയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

 

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഷമ മുഹമ്മദ് നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് കാട്ടി തിരുവനന്തപുരം സ്വദേശി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ഷമ മുഹമ്മദിനെതിരെ കേസെടുത്തത്. കലാപാഹ്വാനം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കോഴിക്കോട്ടെ പ്രസംഗം ഷമ തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നല്‍കിയിരുന്ന ഒരു ‍മിനിട്ട് ഒമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുളള പ്രസംഗത്തിന്‍റെ വീഡിയോയില്‍ ഗ്യാന്‍വാപി പള്ളിയുടെ കാര്യം ഉദ്ധരിച്ച് ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാകുമെന്ന തരത്തിലുളള വാക്കുകളാണ് കേസിലേക്ക് നയിച്ചത്. സിപിഎം നേതാക്കൾ പറയുന്ന കാര്യം തന്നെയാണ് താനും പറഞ്ഞതെന്നും കേസ് കണ്ട് പേടിക്കില്ലെന്നും ഷമ  പറഞ്ഞു.

പ്രധാനമന്ത്രിയെ പരിഹസിച്ച് പോസ്റ്റിട്ടയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം പൊലീസ് കേസെടുത്തിരുന്നു. ഇത് ബിജെപി, സിപിഎം ബന്ധത്തിന്‍റെ തെളിവാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊലീസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നായിരുന്നു ഈ രണ്ട് കേസുകളെക്കുറിച്ചുമുളള മുഖ്യമന്ത്രിയുടെ പ്രതികരണം. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും വനിത പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് പി ജയരാജന്‍ നടത്തിയ വെണ്ണപ്പാളി പരാമര്‍ശം ക്രിമിലെയര്‍ എന്ന അര്‍ത്ഥത്തിലാകാം ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe