‘വിനോദിനിക്ക് 21 വയസാകുന്നതുവരെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം’: ഉത്തരവിട്ട് ഹൈക്കോടതി

news image
Mar 10, 2026, 4:38 am GMT+0000 payyolionline.in

കൊച്ചി: പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയുടെ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി. വിനോദിനിക്ക് 21 വയസ് ആകുന്നതുവരെ ചെലവുകൾ സർക്കാർ വഹിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുതെന്നും ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണം. സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തൃശൂർ സ്വദേശി പി ഡി ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

സെപ്റ്റംബർ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് കൈക്ക് അണുബാധയുണ്ടായി. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ അണുബാധയ്ക്ക് പരിഹാരമില്ലെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കൈ മുറിച്ചുമാറ്റണമെന്നും നിർദേശിച്ചു. തുടർന്ന് സെപ്റ്റംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് വിനോദിനിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ മുസ്തഫ, സർഫറാസ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ഡോ സർഫറാസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്‌പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. അടുത്തിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചെലവിൽ കുട്ടിക്ക് കൊച്ചിയിൽവെച്ച് കൃത്രിമ കൈ പിടിപ്പിച്ചിരുന്നു. അഞ്ചര മാസത്തിന് ശേഷം വിനോദിനി ഇന്ന് സ്കൂളിൽ പോയിതുടങ്ങി. ഇതിനിടെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe