വിലങ്ങാട് മലയിറങ്ങിയ ദുരന്തം ബാക്കി വെച്ചത് ദുരിതം മാത്രം; 13 വീടുകൾ പൂർണമായി ഒലിച്ചുപോയി

news image
Aug 3, 2024, 7:32 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മലയിറങ്ങിയ ദുരന്തം ബാക്കി വെച്ചത് ദുരിതം മാത്രം. പതിമൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോയി. പലർക്കും കിലോ മീറ്ററുകൾക്ക് അപ്പുറത്തേക്ക് താമസം മാറ്റേണ്ടി വന്നു. നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാൻ ഇറങ്ങി ഉരുൾ ജലമെടുത്ത മാത്യു മാഷ് ഇവർക്ക് വിങ്ങുന്ന ഓർമയാണ്. ഉരുൾ തകർത്ത സ്ഥലം വാസയോഗ്യം അല്ലാതായതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ദുരിതത്തിലാണ് ദുരന്ത ബാധിതർ.

മലയിടുക്കിൽ രാത്രിയിലെത്തിയ ഉരുള്‍ ഒരു കൂട്ടം മനുഷ്യരുടെ ജീവതം ഇരുട്ടിലാക്കിയിരിക്കുകയാണ്. പ്രകൃതി നൽകിയ സൂചന നേരത്തെ അറിഞ്ഞെങ്കിലും അവർക്ക് പ്രിയപ്പെട്ട മാത്യു മാഷിനെ നഷ്ടമായി. സ്വപ്നം കണ്ട പണി പൂർത്തിയാകാത്ത വീടിന് മുന്നിൽ ചലനമറ്റ് മാഷിന്‍റെ ശരീരമെത്തിച്ചപ്പോള്‍ വിങ്ങിപ്പൊട്ടിയ മനസുമായി നിര്‍ക്കുകയായിരുന്നു പ്രിയപ്പെട്ടവര്‍. മല അതിരിടുന്ന കോഴിക്കോട്ടെ വടക്കൻ ഭാഗത്തെ അവസാനത്തെ ഗ്രാമത്തിൽ ആശങ്ക മാത്രമാണ് ഇനി ബാക്കി. മഴ ശമിക്കുന്നില്ല. താത്കാലിക പലായനം മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള രക്ഷ.

പലര്‍ക്കും ഇനി ജീവിതം തിരികെ പിടിക്കാനുണ്ട്. നാളത്തെ നാമ്പുകൾക്ക് വെളിച്ചം പകരാനുണ്ട്. നഷ്ടപ്പെട്ടത് തിരികെ കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. ഉരുൾ തകർത്തെറിഞ്ഞ സ്ഥലം ഇനി വാസയോഗ്യമല്ല. 13 വീടുകളുടെ അസ്ഥിവാരം പോലും ഇല്ല. ഇതുവരെ സമ്പാദിച്ചതെല്ലാം ഒലിച്ചു പോയി. ഇവർക്ക് തല ചായ്ക്കാൻ മറ്റൊരിടം വേണം. എപ്പോൾ, എവിടെ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ഇപ്പോൾ ശ്യൂനതയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe