വിവാദങ്ങൾക്കും വിശ്രമത്തിനും ശേഷം വീണാ ജോർജ് പൊതുവേദിയിൽ; ‘ആരോഗ്യം ആനന്ദം’ സെമിനാർ ഉദ്ഘാടനം ചെയ്തു

news image
Mar 3, 2026, 10:54 am GMT+0000 payyolionline.in

പത്തനംതിട്ട: കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് പൊതുപരിപാടികളിലേക്ക് മടങ്ങിയെത്തി. പത്തനംതിട്ടയിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം’ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി സജീവമായത്. കേരളത്തിലെ ആരോഗ്യമേഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആരോപിച്ചു. സംസ്ഥാനത്താകെ പൂർത്തീകരിച്ച 438 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്നും, വികസനപ്രവർത്തനങ്ങളിലൂടെ സത്യത്തിന്റെ പ്രതിരോധമാണ് സർക്കാർ തീർക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രിയുടെ മടങ്ങിവരവിനിടയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്യുന്നു എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇവിടെ സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുമുണ്ടായി. മതിയായ ഡോക്ടർമാരെ നിയമിക്കാതെ നടത്തുന്ന ഉദ്ഘാടനം രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കഴിഞ്ഞ ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടയിലാണ് മന്ത്രിക്ക് കൈക്കും കഴുത്തിനും പരിക്കേറ്റത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാല് ദിവസം പൂർണ്ണ വിശ്രമത്തിലായിരുന്നു. മാർച്ച് രണ്ട് വരെയുള്ള എല്ലാ പൊതുപരിപാടികളും മാറ്റിവെച്ച ശേഷമാണ് ഇന്ന് വീണ്ടും മന്ത്രി വേദിയിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe