വിവാദ ഡയറിയിൽ നിന്ന് നെയ് വാങ്ങിയിട്ടില്ലെന്ന് മിൽമ

news image
Sep 23, 2024, 4:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി മിൽമ. ലഡ്ഡു പ്രസാദം തയാറാക്കുന്നതിനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) മായം കലർന്ന നെയ്യ് നൽകിയെന്ന ആരോപണം നേരിടുന്ന ദിണ്ടിഗൽ ആസ്ഥാനമായുള്ള ഒരു ഡയറിയിൽ നിന്നാണ് മിൽമ നെയ്യ് വാങ്ങിയതെന്ന പ്രചാരണം തെറ്റാണെന്ന് മിൽമ വ്യക്തമാക്കി.

ഈ ഡയറിയിൽ നിന്ന് മിൽമ ഒരിക്കലും നെയ്യ് വാങ്ങിയിട്ടില്ലെന്നും 2016 മുതൽ അവരുമായി ബിസിനസ് ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും മില്‍മ അറിയിച്ചു. എല്ലാ ഉപഭോക്താക്കൾക്കും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ പാലുൽപ്പന്നങ്ങൾ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും മിൽമ വ്യക്തമാക്കി.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ഇതുവരെ നെയ്യ് നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ക്ഷീരോൽപ്പന്ന വിതരണക്കാരായ അമുലും അറിയിച്ചിരുന്നു. ഉയർന്ന ഗുണമേന്മയുള്ള ശുദ്ധമായ പാൽ കൊഴുപ്പിൽ നിന്നാണ് അമുൽ നെയ്യ് നിർമ്മിക്കുന്നത്. എഫ്എസ്എസ്എഐ മാർഗ്ഗനിർദേശപ്രകാരമുള്ള  എല്ലാ ഗുണനിലവാര പരിശോധനകളിലൂടെയും കടന്നുപോകുന്നതാണ് അമുലിന്റെ ഉത്പന്നങ്ങൾ.

അമുലിനെതിരായ  തെറ്റായ പ്രചാരണം അവസാനിപ്പിക്കാനാണ് ഈ പോസ്റ്റ് എന്നും അമുൽ വ്യക്തമാക്കി. ക്ഷേത്രത്തിന് നെയ്യ് നൽകുന്നതായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ  അമുലിന്റെ പേര് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അമുൽ പ്രസ്താവന ഇറക്കിയത്. സമീപ വർഷങ്ങളിൽ ടിടിഡി നന്ദിനിയിൽ നിന്നല്ലാതെ അമുലിൽ നിന്നും നെയ്യ് വാങ്ങുന്നതായി ആരോപണം ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe