പാലക്കാട്: പാലക്കാട് കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയതും തിരിച്ചുകിട്ടിയതും വിചിത്ര സംഭവമായി. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയത്. രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആൾ തന്റെ ബൈക്കുമായി മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണൻ ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിർത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ശേഷം പൊലീസ് വിളിച്ചുവരുത്തി മോഷണം നടത്തിയ മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.
മദ്യലഹരിയിൽ ചെയ്തതെന്ന് പ്രതി
ബി എൻ എസ് 306, 3(5) തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. മദ്യലഹരിയിലാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് രാജേന്ദ്രൻ, പൊലീസിന് നൽകിയ മൊഴി. ബൈക്ക് മോഷണം നടത്താൻ സഹായിച്ച ഒരാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.