വീണ വിജയന്‍റെ കമ്പനി: കേന്ദ്രത്തി​െൻറ അന്വേഷണ ഉത്തരവ്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

news image
Jan 15, 2024, 1:42 pm GMT+0000 payyolionline.in

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്​ സൊല്യൂഷൻസുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന്​ ഉത്തരവിട്ടതിന്‍റെ രേഖ ഹാജരാക്കണമെന്ന്​ ഹൈകോടതി. ഇല്ലാത്ത സേവനത്തിന്​ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പ്രതിഫലം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല പഞ്ചായത്ത്​ അംഗം അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്​. നിലവിൽ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ടെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചതിനെത്തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

ആദായ നികുതി വകുപ്പിന്റെ ഇന്റരിം സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ കമ്പനി അധികൃതർ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയെന്ന് പറയുന്നുണ്ടെന്നാണ് ഹരജിയിലെ ആരോപണം. ഇതിൽ അന്വേഷണം നടത്താൻ കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ്​ സി.എം.ആർ.എൽ കമ്പനിയിലെ ചെറിയ ഓഹരി ഉടമ കൂടിയായ ഹരജിക്കാരന്‍റെ ആരോപണം. അനധികൃത കരിമണൽ ഖനനത്തിനുവേണ്ടിയാണ് ഇടപാട്.

പബ്ലിക് ലിമിറ്റഡ് കമ്പനിയായ സി.എം.ആർ.എല്ലിന്റെ 13.4 ശതമാനം ഓഹരി സംസ്ഥാന സർക്കാറിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്കാണ്. സി.എം.ആർ.എൽ കമ്പനി 135 കോടി രൂപയുടെ തിരിമറി നടത്തിയപ്പോൾ കെ.എസ്.ഐ.ഡി.സിക്കും നഷ്ടമുണ്ടായി. പ്രവർത്തനം നിർത്തിയ എക്‌സാലോജിക് സൊല്യൂഷൻസിന്​ പണം നൽകിയത് കൈക്കൂലി ഇടപാടാണെന്ന്​ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാണ്. പിതാവിന് അഴിമതിയിലൂടെ ലഭിക്കുന്ന പണം നിക്ഷേപിക്കാനാണ് മകൾ ഈ കമ്പനിയെ പ്രൊമോട്ട് ചെയ്യുന്നത്​. മുഖ്യമന്ത്രിയുടെ ഭാര്യ ഈ കമ്പനിയിലെ നോമിനിയാണെന്നും ഹരജിയിൽ പറയുന്നു.

ആരോപണം സംബന്ധിച്ച്​ കോർപറേറ്റ്കാര്യ മന്ത്രാലയം കമ്പനി നിയമപ്രകാരം അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ടെന്നാണ്​ തിങ്കളാഴ്ച ഹരജി പരിഗണിക്കവേ കേന്ദ്രസർക്കാർ അറിയിച്ചത്​. എന്നാൽ, ഈ അന്വേഷണം നടന്നാലും എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് ഇത്​ തടസ്സമല്ലെന്ന്​ ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ ആവശ്യമാണ്​ ഹരജിയിൽ ഉന്നയിക്കുന്നതെന്നും കോട്ടയം ജില്ല പഞ്ചായത്ത്​ അംഗം കൂടിയായ ഹരജിക്കാരൻ പറഞ്ഞു. തുടർന്ന്​ ഹരജി ജനുവരി 24ന് പരിഗണിക്കാൻ മാറ്റി. നേരത്തേ ഹരജി പരിഗണിച്ചപ്പോൾ പരാതി ബന്ധപ്പെട്ട അതോറിറ്റിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നുണ്ടോയെന്ന്​ കോടതിയും ആരാഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe