ന്യൂഡൽഹി: ഓർഡർ ചെയ്ത വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം ചിക്കൻ കഷണങ്ങളടങ്ങിയ വിഭവം വിളമ്പിയതിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ വിമർശനവുമായി യാത്രക്കാരി. കോഴിക്കോട് നിന്ന് മുംബൈയിലേക്ക് പോകുന്ന ഫ്ളൈറ്റിലെ യാത്രക്കാരിയായ വീര ജെയ്നിനാണ് ദുരനുഭവമുണ്ടായത്. ഭക്ഷണത്തിന്റെ ദൃശ്യങ്ങളുൾപ്പെടെ വീര സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു.
വിമാനം വൈകിയതിനെ കുറിച്ചും യുവതി കുറിപ്പിൽ പരാമർശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കാബിൻ ക്രൂ അംഗങ്ങളെ വിവരമറിയിച്ചിരുന്നുവെന്നും ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞതായി യുവതി എക്സിൽ കുറിച്ചു. ജീവനക്കാരെ അറിയിച്ച ശേഷവും വിവരം മറ്റ് സസ്യാഹാരം വാങ്ങുന്ന യാത്രക്കാരെ അറിയിക്കാൻ അവർ തയ്യാറായില്ലെന്നും വീര ആരോപിച്ചു.
“AI582 എയർ ഇന്ത്യ വിമാനത്തിൽ നിന്നും വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്ത എനിക്ക് ലഭിച്ചത് ചിക്കൻ കഷണങ്ങളടങ്ങിയ വിഭവമാണ്. കോഴിക്കോട് നിന്നാണ് വാമാംന പുറപ്പെട്ടത്. 18.40നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ യാത്ര തുടങ്ങുമ്പോൾ സമയം 19.40 ആയിരുന്നു. കാബിൻ സൂപ്പർവൈസറെ വിവരമറിയിച്ചതോടെ അവർ ക്ഷമാപണം നടത്തുകയും തനിക്കും സുഹൃത്തിനും പുറമെ മറ്റ് പലരും സമാന പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ജീവനക്കാർ പ്രതികരിച്ചു. എന്നാൽ വിവരമറിയിച്ച ശേഷവും വെജിറ്റേറിയൻ ഭക്ഷണം വാങ്ങുന്ന മറ്റ് യാത്രക്കാരെ വിവരമറിയിക്കാൻ ജീവനക്കാർ ശ്രമം നടത്തിയിട്ടില്ല.
ആദ്യം വിമാനം പുറപ്പെടാൻ താമസിച്ചു. പിന്നീട് ഭക്ഷണത്തിൽ സംഭവിച്ച വീഴ്ച. ഇത് നിരാശയുണ്ടാക്കുന്നതാണ്. സംഭവത്തിൽ എയർ ഇന്ത്യ ശക്തമായ ടപടി സ്വീകരിക്കണം”, വീര എക്സിൽ കുറിച്ചു. യാത്രക്കാർ വിമാനത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തെ ശ്രദ്ധിക്കണമെന്നും യുവതി കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ നിരവധി പേരാണ് എയർ ഇന്ത്യക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എയർ ഇന്ത്യയിൽയാത്ര ചെയ്യണോ എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു ചിലരുടെ പ്രതികരണം. സമാന ദുരനുഭവങ്ങൾ പങ്കുവെച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതികരണവുമായി എയർ ഇന്ത്യ അദികൃതരും രംഗത്തെത്തിയിരുന്നു. കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാമെന്നും കാര്യങ്ങൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.