കോഴിക്കോട്: വെള്ളയിൽ ഹാർബർ പരിസരത്ത് കടലിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ പുലിമുട്ടിന് സമീപം കടലിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം കോസ്റ്റൽ പോലീസിനെ അറിയിച്ചത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ കോസ്റ്റൽ പോലീസ് സംഘം തങ്ങളുടെ ബോട്ടിൽ മൃതദേഹം കരയ്ക്കെത്തിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
