ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം നേതാവ് എ എം ആരിഫ്. വെള്ളാപ്പള്ളി മുസ്ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരുന്നുവെന്നും അത് പാർട്ടി പ്രതിരോധിച്ചില്ലെന്നും ആരിഫ് പറഞ്ഞു. വെള്ളാപ്പള്ളിയെ സംരക്ഷിച്ചെന്നും ആരിഫ് പറഞ്ഞു.
‘വെള്ളാപ്പള്ളിയെ പ്രതിരോധിച്ചില്ല, സംരക്ഷിച്ചു. അദ്ദേഹം മുസ്ലിം ലീഗിനെ മാത്രമല്ല, മുസ്ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. ആ സമയത്ത് ശക്തമായി എതിർക്കപ്പെടേണ്ടതായിരുന്നു എന്ന അഭിപ്രായം അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ അതിനെ ശക്തമായി പ്രതിരോധിക്കുന്ന കാര്യത്തിൽ പോരായ്മ ഉണ്ടായിട്ടുണ്ട്’, ആരിഫ് പറഞ്ഞു.
എൽഡിഎഫ് പ്രതിരോധം ശക്തമാക്കിയാൽ മാത്രമേ തിരിച്ച് വരവിന് സാധ്യത ഉള്ളുവെന്നും ആരിഫ് പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമാണ് ഫോക്കസ് ചെയ്തതെന്നും പിണറായിയുടെ ഫ്ളക്സുകൾ വന്നപ്പോൾ എതിരാളികൾ കൂടുതൽ ശക്തമായി ആക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ പ്രതിരോധിക്കുന്നതിൽ വീഴ്ച സംഭവിച്ചു. സിപിഐഎമ്മിന്റെ സംഘടനാ സംവിധാനം അടിച്ചുടച്ച് വാർക്കണം. എതിരാളി എത്രത്തോളം ശക്തനാണെന്ന് മനസിലാക്കി പ്രവർത്തിച്ച് തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.
‘കനത്ത പരാജയമുണ്ടായി. ഇത് ആദ്യത്തേതല്ല, കേരള രാഷ്ട്രീയം അങ്ങോട്ടും ഇങ്ങോട്ടും മാറി വരും. എന്നാൽ അപ്പോഴൊന്നും എൽഡിഎഫിന്റെ അടിത്തറയിൽ വലിയ മാറ്റം വരാറില്ല. പരാജയപ്പെടുമ്പോഴും തിരിച്ച് വരാൻ കഴിയാവുന്ന അടിത്തറയുണ്ടായിരുന്നു. എന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിൽ സംഭവിച്ചത് അടിത്തറയിൽ വിള്ളലുകൾ വീണു. തുടർച്ചയായി പത്ത് വർഷം ഭരണം കിട്ടിയപ്പോൾ ആക്രമണത്തിന്റെ കുന്തമുന പിണറായിയിലേക്കായിരുന്നു. പാർട്ടി സംഘടനാ മിഷണറിയും സംഘടനാ സംവിധാനവും സൈബർ ഇടവും അങ്ങോട്ട് ആക്രമിക്കുന്നതിൽ നിന്നും പിറകിലായി’, എ എം ആരിഫ് കൂട്ടിച്ചേർത്തു.
