കോഴിക്കോട്: സംസ്ഥാനത്ത് റേഷൻ വതരണത്തിൽ മാറ്റം. പൊതു വിഭാഗത്തില്‍ ഉൾപ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. എന്നാൽ വെള്ള കാർഡുകാർക്കുള്ള അരി വിഹിതത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2 കിലോ ആയാണ് കുറച്ചത്.
സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് 2 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്കാണ് ഈ മാസം ലഭിക്കുക. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറില്‍ നീല, വെള്ള കാർഡുകള്‍ക്ക് നല്കിയ അധിക അരി വിഹിതം മൂലമുണ്ടായ സ്റ്റോക്ക് കുറഞ്ഞതാണ് ഈ കാർഡുകാർക്ക് അരി വിഹിതം 2 കിലോയായി കുറക്കാൻ കാരണം. അഗതി-അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള എൻ.പി.ഐ കാർഡുകാർക്കും ഇത്തവണ ആട്ട അനുവദിച്ചിട്ടുണ്ട്. പരമാവധി ഒരു കിലോയാണ് ലഭിക്കുക.
എന്നാൽ പ്രതിഫല കുടിശ്ശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷൻ വാതില്‍പ്പടി വിതരണ കരാറുകാർ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോവുകയാണ്. സപ്ലൈകോ എം.ഡി വിതരണക്കാരുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാല്‍ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കാനിടയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷൻ കടകള്‍ക്ക് അവധിയായതിനാല്‍ ജനുവരി മാസത്തെ വിതരണം ശനിയാഴ്ച മുതലേ ആരംഭിക്കൂ.
