വൈക്കത്തെ സിപിഐ ഓഫീസിലെ കർഷകന്റെ മരണം: ദുരൂഹതകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

news image
Apr 7, 2026, 2:10 pm GMT+0000 payyolionline.in

കോട്ടയം: വൈക്കം തലയാഴത്ത് ആത്മഹത്യ ചെയ്ത കർഷകൻ ചെല്ലപ്പൻ പുളിക്കശ്ശേരിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിൽ മരണം ആത്മഹത്യ തന്നെയെന്നാണ് വിലയിരുത്തൽ. പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹതകൾ ഒന്നുമില്ല. ബാഹ്യ ഇടപെടലുകളോ ബലപ്രയോഗം നടന്ന സാധ്യതകളോ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താനായിട്ടില്ല. ചെല്ലപ്പന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.

ഇന്ന് രാവിലെയാണ് വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സിപിഐക്കാർ തന്നെ ദാരുണമായി ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പൻ കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞ നിരക്കിൽ തൈ നൽകാമെന്ന് പറഞ്ഞ് വികലാംഗനായ താൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാൽ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയർത്തിയിരുന്നു.

സിപിഐയുമായി ചെല്ലപ്പന് നേരത്തെ മുതൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തൈകൾ വിൽപ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കൾ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഭിന്നശേഷിക്കാരൻ ആയ വ്യക്തി എങ്ങനെ തൂങ്ങിമരിച്ചു എന്നായിരുന്നു ബിജെപിയുടെയും കോൺഗ്രസിന്റെയും ആരോപണം. അന്വേഷണം നടത്തി സത്യം പുറത്തുവരണമെന്നും ബിജെപിയും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഐ ആരോപിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe