ഗൂഗ്ൾ ജെമിനി നാനോ ബനാന എ.ഐ സാരി ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കിയിട്ടുണ്ട്. ജെമിനി എഡിറ്റിങ് ടൂളിന്‍റെ സഹായത്തോടെ ഉപയോക്താക്കളുടെ സാധാരണ സെൽഫി ഫോട്ടോകളെ 90കളിലെ അതിഗംഭീരമായ സിനിമാറ്റിക്ക് ബോളിവുഡ് ശൈലിയിലുളള പോർട്രയ്റ്റുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
വളരെ വേഗത്തിൽ സമൂഹമാധ്യമത്തിൽ പടർന്ന ഈ ട്രെൻഡിൽ, പഴയ കാലത്തെ അനുസ്മരിപ്പിച്ച് കാറ്റിൽ പറക്കുന്ന ഷിഫോൺ സാരികൾ, ഗ്രയിനി ടെക്സ്ച്ചറുകൾ, ഗോൾഡൻ -അവർ ലൈറ്റിങ് എല്ലാം കടന്നു വരുന്നു. 90കളിൽ പ്രചാരത്തിലുണ്ടായിരുന്ന പോൾക്ക-ഡോട്ട് ഡിസൈനുകൾ, കറുത്ത പാർട്ടിവെയർ സാരികൾ, കോട്ടൺ പ്രിന്‍റ് സാരികൾ, പഴയ കാലം പശ്ചാത്തലം, തുടങ്ങി നിരവധി ശൈലികൾ ഉൾപ്പെടുന്നതാണ്.
മികച്ച ഫലം ലഭിക്കാൻ ഒഴിവാക്കേണ്ട അഞ്ചു പിഴവുകൾ
1. നിലവാരം കുറഞ്ഞ പടങ്ങളോ ഗ്രൂപ്പ് ഫോട്ടോകളോ ഉപയോഗിക്കരുത്
എ.ഐക്ക് ഒരുപാട് ആൾക്കാർ ഉൾപ്പെട്ടതോ വ്യക്തമല്ലാത്ത ചിത്രങ്ങളോ നൽകരുത്. ചിത്രങ്ങൾ വേർതിരിച്ചറിയാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. അതിനാൽ വ്യക്തതയും കൃത്യതയുമുള്ള സോളോ ചിത്രങ്ങൾ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുക.
2. അവ്യക്തമായ വാക്കുകൾ ഒഴിവാക്കൽ
‘എന്നെ ഒരു ബോളിവുഡ് നടിയെ പോലെ കാണിക്കൂ’ എന്നുള്ള രീതിയിലുള്ള പ്രോംറ്റ് നൽകരുത്. അവ്യക്തമായ നിർദേശങ്ങൾക്കു പകരം സാരിയുടെ നിറം, തുണിയുടെ സ്വഭാവം, പശ്ചാത്തലം, ലൈറ്റിങ് ശൈലി എന്നിവ ഉൾപ്പെടെ നൽകി കൂടുതൽ കൃത്യതയോടെ നിർദേശിക്കാം.
3. ബാക് ഗ്രൗണ്ട് അവഗണിക്കൽ
ബോളിവുഡ് ശൈലികൾ ഏറെ നാടകീയ പശ്ചാത്തലം സൃഷ്ടിക്കുന്നവയാണ്. കൃത്യമായ പശ്ചാത്തലം നിർദേശിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്നത് സാധാരണമായതോ, ഒട്ടും ചേരാത്തതോ ആയിരിക്കും.
4. അധികമായി വിവരങ്ങൾ ചേർക്കുന്നത്
വളരെ കൂടുതൽ വിവരങ്ങൾ നൽകിയാൽ എ.ഐ കുഴങ്ങും. നീണ്ട പാരഗ്രാഫുകൾക്ക് പകരം മൂന്നു മുതൽ നാലു വരെയുള്ള വ്യക്തമായ ദൃശ്യ സൂചനകൾ നൽകുന്നതാണ് നല്ലത്.
5. മുഖത്തിന്‍റെ സ്ഥിരത ശ്രദ്ധിക്കാത്തത്
നിങ്ങളുടെ മുഖത്തിന്‍റെ പ്രത്യേകതകൾ അതായത് കണ്ണ്, മൂക്ക്, മുഖത്തിന്‍റെ ആകൃതി എന്നിവ നിലനിർത്തണമെന്ന് എ.ഐയോട് വ്യക്തമാക്കണം. അല്ലെങ്കിൽ അനാവശ്യമായ മാറ്റിത്തിരുത്തലുകളും സ്വാഭാവികമായ ആകൃതിയിൽനിന്നുള്ള വ്യതിയാനവുമൊക്കെ സംഭവിക്കാം