വോട്ട് ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും വ്യത്യസ്തം; കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി പരിശോധിക്കും

news image
Nov 7, 2025, 6:37 am GMT+0000 payyolionline.in

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശവും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തമാണെന്ന കേന്ദ്രത്തിന്‍റെ വാദം സുപ്രീംകോടതി വിശദമായി പരിശോധിക്കും. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 53(2) ഉം ചട്ടം 11 ഉം 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നടത്തിപ്പിലെ 21, 21ബി ഫോമുകളുമായി ചേർത്ത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയോടുള്ള പ്രതികരണമായാണ് കേന്ദ്രം ഈ വാദം മുന്നോട്ട് വെച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം നിയമപരമായ അവകാശം മാത്രമാണ്. എന്നാൽ, വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മൗലികാവകാശത്തിന്‍റെ ഭാഗമാണെന്നാണ് വിശദീകരണം.

നിയമസഭയിലോ ലോക്‌സഭയിലോ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്ഥാനാർഥികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തുല്യമായി വരുന്ന സാഹചര്യത്തിലാണ് സെക്ഷൻ 53(2) പ്രസക്തമാകുന്നത്. ഫോം 21 പൂരിപ്പിച്ച് ആ സ്ഥാനാർഥികളെ എല്ലാവരെയും തെരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫിസർക്ക് പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് അത്.

തെരഞ്ഞെടുപ്പ് നടത്താതെ സ്ഥാനാർഥികളെ തെരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ചാൽ അത് വോട്ട് ചെയ്യാനുള്ള പൗരന്മാരുടെ അവകാശം നിഷേധിക്കലാണെന്ന് ഹരജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ‘നോട്ട’ ഓപ്ഷന്‍ വിനിയോഗിക്കാനോ, സ്ഥാനാർഥിയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനോ ഉള്ള അവസരവും നിഷേധിക്കപ്പെടുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വോട്ട് ചെയ്യാനുള്ള അവകാശവും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തമാണെന്ന് കേന്ദ്രം വാദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹരജി പരിഗണിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe