വ്യവസായി സി ജെ റോയിയുടെ സംസ്കാരം നാളെ. ബെംഗളൂരു ബെന്നാല്‍ഗട്ടയില്‍ വെച്ച് സംസ്കാരം നടക്കും. മരണത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍, അന്വേഷണം സി ഐ ഡിക്ക് കൈമാറി.
ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാൻ മറ്റൊരു മുറിയിലേക്ക് പോയ അദ്ദേഹം അവിടെ വച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് യൂണിറ്റാണ് ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. കൊച്ചി യൂണിറ്റിന് ബെംഗളൂരുവിലെ തന്റെ ഓഫീസുകളിൽ പരിശോധന നടത്താൻ അധികാരമില്ലെന്ന് കാട്ടി സിജെ റോയ് കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ആദ്യം ഇതിന് സ്റ്റേ അനുവദിച്ചെങ്കിലും, പിന്നീട് ആ സ്റ്റേ മരവിപ്പിച്ചതോടെയാണ് ഉദ്യോഗസ്ഥർ വീണ്ടും പരിശോധനയ്ക്കെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും ജീവനക്കാരും കുടുംബവും ആരോപിച്ചു. ഇത് സംബന്ധിച്ച് ബന്ധുക്കളും ജീവനക്കാരും അശോക് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
