വർക്കലയിൽ മദ്യലഹരിയിൽ മകന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടി

news image
Sep 23, 2022, 2:59 pm GMT+0000 payyolionline.in

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി. രഘുനാദപുരത്ത് സതി വിലാസത്തിൽ സതിക്കാണ് (40) ഭർത്താവ് സന്തോഷിന്റെ വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. സതിയെ വർക്കല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കാലിന് സ്വാധീന കുറവുള്ളയാളാണ് സതി.

ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത വീട്ടമ്മയെയാണ് ഹർത്താൽ ദിനത്തിൽ മദ്യപിച്ചെത്തിയ ഭർത്താവ് വെട്ടി വീഴ്ത്തിയത്. വർക്കലയ്ക്ക് അടുത്ത് രഘുനാദപുരത്തെ സതീവിലാസം എന്ന വീട്ടിൽ  ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു ആക്രമണം. 11 വയസ്സുള്ള മകന്റെയും  അമ്മയുടെയും മുന്നിലിട്ടാണ് നാൽപ്പതുകാരിയെ ഭർത്താവ് വെട്ടിയത്. ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത സതിക്ക് ഭർത്താവ് വെട്ടിയപ്പോൾ പെട്ടെന്ന് ഒഴിഞ്ഞ് മാറാൻ കഴിഞ്ഞില്ല. മകന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവർക്കും ഇടയിൽ ഏറെനാളായി കുടുംബ വഴക്ക് നടന്നിരുന്നതായി പൊലീസ് അറിയിച്ചു.

അക്രമി സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കും ഒരു കൈക്ക് സ്വാധീനക്കുറവുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും പരാക്രമം തുടർന്ന സന്തോഷ് പൊലീസുകാ‍‍ർക്കും ബുദ്ധിമുട്ടുണ്ടാക്കി. തല ഭിത്തിയിലിടിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഹെൽമറ്റ് ധരിപ്പിച്ചാണ് സ്റ്റേഷനിൽ ഇരുത്തിയത്. ഇയാൾക്കെതിരെ വധശ്രമത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തു. നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe