ശബരിമല : ശബരിമലക്ക് വേണ്ടി മാത്രമായി ടെലിവിഷൻ ചാനൽ ആരംഭിക്കാൻ ആലോചനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും വാർത്തകളും ലോകമെമ്പാടുമുള്ള ഭക്തരിലേക്ക് നേരിട്ട് എത്തിക്കാൻ തിരുപ്പതി മോഡലിൽ വാർത്ത സംവിധാനം സജ്ജമാക്കുന്നതിനെ സംബന്ധിച്ചാണ് ദേവസ്വം ബോർഡ് ഗൗരവമായി ആലോചിക്കുന്നത്.
മണ്ഡല – മകരവിളക്ക് കാലയളവിലും മാസപൂജ വേളകളിലും അടക്കം ശബരിമലയിലെ വിശേഷങ്ങളും പ്രധാന പൂജകളും ആചാരപരമായ കാര്യങ്ങളും ഭക്തരിലേക്ക് അടക്കം എത്തിക്കുക എന്നതാണ് ചാനൽ കൊണ്ട് ബോർഡ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന എന്നിവ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വമ്പൻ കമ്പനികളിൽ നിന്നുള്ള കോടികളുടെ പരസ്യ വരുമാനവും ചാനൽ മുഖേനെ ബോർഡ് പ്രതീക്ഷിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ ചാനൽ യാഥാർത്ഥ്യമാക്കാനാണ് നീക്കം.
ചാനൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംരംഭകർ താൽപര്യം അറിയിച്ച് രംഗത്ത് വന്നിട്ടുള്ളതായും വിശദമായ കൂടിയാലോചനക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.