ശബരിമല : ശബരിമലയിൽ പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. സന്നിധാനത്ത് പ്രവർത്തിക്കുന്ന അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളിലായി മണ്ഡലകാലം ആരംഭിച്ചത് മുതൽ ഒമ്പതാം തീയതി വരെ 40,000 ത്തോളം പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്.
മൂന്ന് ആശുപത്രികളിലുമായി പ്രതിദിനം 2,000 ത്തോളം പേർ പനി ബാധിതരായി ചികിത്സ തേടുന്നതായാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർ, കേന്ദ്ര സേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്കിടയിൽ എല്ലാം പനി, ജലദോഷം, ചുമ, കഫക്കെട്ട് എന്നിവ വ്യാപകമാവുകയാണ്. ഇക്കൂട്ടരിൽ നിരവധി പേർ കടുത്ത പനി മൂലം താമസ സ്ഥലങ്ങളിൽ കിടപ്പിലാണ്.
മണ്ഡലകാലം പാതി പിന്നിട്ടതോടെ സന്നിധാനത്ത് കൊതുക് ശല്യവും ഏറിയിട്ടുണ്ട്. കൊതുക് നിർമാർജ്ജനത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫോഗ്ഗിങ് ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടും പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആരോഗ്യ വിഭാഗം അധികൃതരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.