കൊച്ചി: തീർഥാടകർ ഫോൺ കൊണ്ടുവരുന്നത് തടയാനാകില്ലെങ്കിലും അതീവസുരക്ഷാ മേഖലയായ ശബരിമല തിരുമുറ്റത്തും സോപാനത്തിന് മുൻ വശവും വിഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ച് എക്സിക്യൂട്ടിവ് ഓഫിസർ ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ശബരിമലയിൽ പൊലീസ് ചെയ്യുന്ന സേവനം സ്തുത്യർഹമാണെങ്കിലും പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്ത സംഭവം തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രമര്യാദകൾ എല്ലാവരും പാലിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്തത് ഉച്ചസമയത്തെ ഇടവേളയിലാണെന്നായിരുന്നു സർക്കാറിന്റെ വിശദീകരണം. സംഭവത്തിൽ ചീഫ് പൊലീസ് കോഓഡിനേറ്റർ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
ശബരിമല, നിലക്കൽ, പമ്പ, തീർഥാടന പാത എന്നിവിടങ്ങളിൽ കച്ചവടക്കാർ അമിതവില ഈടാക്കുകയോ മോശം ഭക്ഷണം നൽകുകയോ ചെയ്താൽ കർശന നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.