പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽവാസത്തിന് വരെ സാധ്യതയുണ്ടെന്ന് 2014ലെ ദേവപ്രശ്നത്തിൽ പ്രവചനം. ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിക്കണമെന്ന് നിർദേശം നൽകിയ ദേവപ്രശ്നത്തിലാണ് ഇതുസംബന്ധിച്ച പ്രവചനമുണ്ടായത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് അപായം, വ്യവഹാരം, മാനഹാനി, ജയിൽവാസം എന്നിവയാണ് ദേവപ്രശ്നം പ്രവചിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലാണ് ദേവപ്രശ്നം വീണ്ടും ശ്രദ്ധേയമാകുന്നത്.
2014 ജൂൺ 18 ബുധനാഴ്ചയാണ് ദേവപ്രശ്നം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 2017ൽ ശബരിമലയിലെ കൊടിമരം പുതുക്കി പണിതത്. ദേവപ്രശ്നം നടക്കുന്ന സമയത്ത് ശബരിമലയുമായി അടുത്ത് പ്രവർത്തിച്ചിരുന്നവർ തന്നെയാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ജയിലിലുള്ളതും.
ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചു
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിനു പിന്നാലെയാണ് നടപടി. റെയ്ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായി അറിയുന്നു.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണക്കട്ടി പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തയാറാക്കിയ ഔദ്യോഗിക രേഖകളുൾപ്പെടെ വിവിധ ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഔദ്യോഗിക ശിപാർശകൾ, ഉത്തരവുകൾ, കത്തിടപാടുകൾ, സ്വകാര്യ ജ്വല്ലറികളുടെ ഇൻവോയ്സുകൾ, പണമടച്ച രേഖകൾ, രാസവസ്തുക്കൾ വേർതിരിച്ചെടുക്കൽ, പുനർനിർമാണം എന്നിവയുമായി ബന്ധപ്പെട്ട വാറന്റി സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്ന രേഖകളും പിടിച്ചെടുത്തു.
ദ്വാരപാലക വിഗ്രഹ ഭാഗങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ, സ്വർണം പൊതിഞ്ഞ പുരാവസ്തുക്കൾ തുടങ്ങിയവ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി ചിത്രീകരിച്ച് അനധികൃതമായി നീക്കം ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പുരാവസ്തുക്കൾ പിന്നീട് ചെന്നൈയിലെയും കർണാടകയിലെയും സ്മാർട്ട് ക്രിയേഷൻസ്, റോഡാം ജ്വല്ലേഴ്സ് എന്നിവയുൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി. അവിടെ അറ്റകുറ്റപ്പണികളുടെ മറവിൽ രാസപ്രക്രിയ വഴി സ്വർണം വേർതിരിച്ചെടുത്തതായി ഇ.ഡി വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത സ്വർണവും അനുബന്ധ സ്വത്തുക്കളും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്നും അവ പ്രതികൾ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. കൊച്ചി സോണൽ ഓഫിസിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.
