കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മയെയും അക്കൗണ്ടിംഗ് സംവിധാനത്തിലെ ഗുരുതര വീഴ്ചകളെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ സംസാരിക്കവെയാണ് കോടതി ദേവസ്വം ബോർഡിനെതിരെ വീണ്ടും രംഗത്തെത്തിയത്. ബോർഡിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ പൊരുത്തക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം.
ബാങ്ക് അക്കൗണ്ടുകളും ഔദ്യോഗിക രേഖകളും തമ്മിൽ ഒത്തുനോക്കാൻ കഴിയാത്ത അവസ്ഥയാണെന്നും വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താൻ പോലും സാധിക്കുന്നില്ലെന്നും ഓഡിറ്റർ വിജയൻ അസോസിയേറ്റ്സ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2010-ന് മുൻപുള്ള ആസ്തികളുടെ മൂല്യം നിർണ്ണയിക്കുന്നതിൽ വലിയ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. കരാറുകാർക്ക് നൽകുന്ന തുക, നികുതി ബാധ്യത, സ്റ്റോക്ക് എന്നിവയുടെ കാര്യത്തിൽ കൃത്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂമി ഉൾപ്പെടെയുള്ള സംഭാവനകളുടെ മൂല്യം കൃത്യമായി കണക്കാക്കുന്നില്ലെന്നും പല ക്ഷേത്രോപദേശക സമിതികളും സാമ്പത്തിക ഇടപാടുകളിൽ പാൻ (PAN) നമ്പർ രേഖപ്പെടുത്തുന്നില്ലെന്നും ഓഡിറ്റർ ചൂണ്ടിക്കാട്ടി. വരവ്-ചെലവ് കണക്കുകളിലെ വ്യത്യാസം രേഖകളിൽ വ്യക്തമല്ല. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഈ അലംഭാവം ഗൗരവകരമാണെന്നും ഭരണസംവിധാനത്തിലെ വീഴ്ചകൾ ഒറ്റപ്പെട്ടതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
