തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഈമാസം 18,19 തീയതികളിൽ ശബരിമല സന്ദർശനത്തിനായി കേരളത്തിലെത്തും. ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി 18ന് കോട്ടയത്ത് എത്തുമെന്ന് സംസ്ഥാന സർക്കാറിന് അറിയിപ്പ് ലഭിച്ചു. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഇടവ മാസ പൂജക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന അനൗദ്യോഗിക അറിയിപ്പ് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ ലഭിച്ചിരുന്നു.
ഇതിനെ തുടർന്ന് തീർഥാടകർക്ക് ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് സിസ്റ്റം14 മുതൽ 17 വരെയാക്കി ചുരുക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനസമയത്ത് ശബരിമലയിൽ കടുത്ത നിയന്ത്രണമുണ്ടാകും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ മരാമത്ത് ജോലികൾ ഉൾപ്പെടെ ഒരുക്കങ്ങൾ ദേവസ്വം ബോർഡ് ദ്രുതഗതിയിൽ ആരംഭിച്ചു. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുക. 14ന് വൈകീട്ട് നാലോടെയാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. നിലയ്ക്കൽ വരെ ഹെലികോപ്ടറിൽ എത്തിയശേഷം പമ്പയിൽ നിന്ന് രാഷ്ട്രപതി ശബരിമല സന്നിധാനത്തേക്ക് നടന്നുകയറുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ശബരിമല ദർശനത്തിനുശേഷം പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കുമെന്നറിയുന്നു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            