എരുമേലി: എരുമേലിയുടെ സ്വപ്നപദ്ധതിയായ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ റൺവേയുടെ പ്രാരംഭ നടപടി ആരംഭിച്ചു. കൺസൾട്ടിങ് സ്ഥാപനമായ ലൂയി ബർഗിനുവേണ്ടി ഏജൻസിയുടെ ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളിയിലെത്തിയിരുന്നു. ഡൽഹിയിൽനിന്നെത്തിയ ഇവർ 21 ദിവസംകൊണ്ട് മണ്ണ് പരിശോധന പൂർത്തിയാക്കി ഫലം അതോറിറ്റിക്ക് കൈമാറും. പരിശോധന അനുകൂലമായാൽ മാത്രമേ റൺവെ നിർമിക്കാനാകൂ.

കല്ലും കട്ടിയുള്ള മണ്ണുമുള്ള ഇവിടം റബർ എസ്റ്റേറ്റ് ആയിരുന്നതിനാൽ ഉറപ്പുള്ളതായിരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ചതുപ്പ് സ്ഥലങ്ങൾ ചെറുവള്ളി എസ്റ്റേറ്റിൽ കുറവാണെന്നതാണ് റിപ്പോർട്ട് അനുകൂലമാകാൻ സാധ്യതയേറുന്നത്. എസ്റ്റേറ്റിന്റെ മധ്യഭാഗത്ത് മൂന്ന് കിലോമീറ്ററാണ് റൺവേയുടെ നീളം. എട്ട് സ്ഥലങ്ങളിലായി 10 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴൽക്കിണർ മാതൃകയിൽ കുഴിക്കും. ഒന്നര മീറ്റർ വ്യാസമുള്ള ആറ് കുഴികളും എടുക്കും. ഇതിൽനിന്ന് ശേഖരിക്കുന്ന മണ്ണും കല്ലുകളുമാണ് പരിശോധന നടത്തുക. വിമാനത്താവള പദ്ധതി പുരോഗമിക്കുന്നതിന്റെ ആവേശത്തിലാണ് നാട്.

ലൂയി ബർഗിനായി പാർഥിക് ചക്രവർത്തി, സോയിൽ എൻജിനിയർ അമീൻ എന്നിവരുടെ നേതൃത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ ഗോപകുമാർ, എരുമേലി തെക്ക് വില്ലേജ് ഓഫീസർ വർഗീസ് ജോസഫ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ അഷറഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി.