ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് നിർണായക ദിനം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

news image
Nov 19, 2024, 2:30 am GMT+0000 payyolionline.in

ദില്ലി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.  കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ദിഖ്.

നേരത്തെ, ബലാത്സംഗ കേസിൽ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ  മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ  കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe