ശമ്പളം കിട്ടിയിട്ട് 2 മാസം, 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരത്തിൽ; ദുരിതത്തിലായി രോ​ഗികൾ

news image
Oct 31, 2024, 2:02 pm GMT+0000 payyolionline.in

തിരുവനന്തപുരം: രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതോടെ പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സംസ്ഥാനത്തെ എല്ലാ 108 ആംബുലൻസ് ജീവനക്കാരും അനിശ്ചിത കാലസമരം തുടങ്ങിയതോടെ രോഗികളും ദുരിതത്തിലായി.

രണ്ട് മാസമായിട്ടും ശമ്പളം കിട്ടാതായതോടെയാണ് സിഐടിയുവിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ എത്തിയത്. 108 ആംബുലൻസിൻ്റെ നടത്തിപ്പ് കരാർ നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന സ്വകാര്യ കമ്പനിക്കാണ്. പല കാര്യങ്ങൾ പറഞ്ഞ് കമ്പനി ശമ്പളം മുടക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു. 90 കോടി രൂപയിലേറെ സർക്കാര്‍ കുടിശികയുണ്ടെന്ന് പറഞ്ഞാണ് കമ്പനി ശമ്പളം മുടക്കുന്നതെന്നും ജീവനക്കാർ പറയുന്നു.

നവംബർ മാസം ഒന്നാം തിയതി ഒക്ടോബർ മാസത്തെ ശമ്പളത്തിൻ്റെ പകുതി നൽകാമെന്നും ബാക്കി ശമ്പള കാര്യം പിന്നീട് അറിയിക്കാമെന്നുമാണ് കമ്പനിയുടെ നിലപാട്. സംസ്ഥാനത്താകെ 325, 108 ആംബുലൻസുകളാണുള്ളത്. 1400 ഓളം ജീവനക്കാരും ഉണ്ട്. സംസ്ഥാനത്തുടനീളം 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരം തുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. പലരും സ്വകാര്യ ആംബുലൻസുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe