ശൂരനാട് ആത്മഹത്യ: വീടിന് മുന്നിൽ വലിയ ജപ്തി ബോ‍ർഡ് വച്ചത് നിയമവിരുദ്ധം, റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി

news image
Sep 21, 2022, 6:50 am GMT+0000 payyolionline.in

തിരുവനന്തപുരം: കൊല്ലം ശൂരനാട് കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. സംഭവം നിർഭാഗ്യകരമാണ്. കേരള ബാങ്ക് പ്രവർത്തിക്കുന്നത് ആർബിഐ മാനദണ്ഡമനുസരിച്ചാണ്. അതുകൊണ്ടാണ് സർഫാസി ആക്ട് അനുസരിച്ച് നോട്ടീസ് അയക്കേണ്ടി വന്നതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം വീട്ടിന് മുന്നിൽ വലിയ ജപ്തി ബോ‍ർഡ് വച്ച നടപടി സർഫാസി ആക്ടിന് തന്നെ എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശൂരനാട് ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി വിശദീകരിച്ചു. സർഫാസി ആക്ടിന് അന്നും ഇന്നും സംസ്ഥാന സർക്കാർ എതിരാണെന്നും വാസവൻ പറഞ്ഞു.

വീട്ടിന്റെ വാതിൽക്കൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനം നൊന്ത്, കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമി (18) ഇന്നലെയാണ് ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അഭിരാമി വൈകീട്ട് കോളേജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം അറിഞ്ഞത്. ഇതിൽ വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്ന് 10 ലക്ഷം രൂപ വായ്‌പ എടുത്തത്. ഇതാണ് പലിയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe