തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ഫലം തടഞ്ഞു. പരീക്ഷ ബോർഡിന്റേതാണ് തീരുമാനം. കേസിൽ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്.
താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായ ഇവർക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ തീരുമാനപ്രകാരമാണ് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. എന്നാൽ, ഇവരെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. പരീക്ഷ കേന്ദ്രത്തിലുൾപ്പെടെ വിദ്യാർത്ഥി – യുവജന സംഘടനകൾ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ ദിവസങ്ങൾക്ക് മുമ്പ് ഹൈകോടതി തള്ളിയിരുന്നു. വിദ്യാർത്ഥികൾ പുറത്തിറങ്ങിയാൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് ജാമ്യഹരജി തള്ളിയത്. നിലവിൽ ഇവർ വെള്ളിമാടുകുന്ന് ഒബ്‌സർവേഷൻ ഹോമിലാണ്. ജാമ്യാപേക്ഷ നേരത്തേ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും ജുവനൈൽ ജസ്റ്റിസ് ബോർഡും തള്ളിയിരുന്നു.