പാലക്കാട്: പണമിടപാട് സംശയിച്ച് പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പാതിരാ റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ. ഷാഫി പറമ്പിലിന്‍റെ കുതന്ത്രമാണിതെന്നും ഇതിനുമപ്പുറത്തെ നാടകം ഷാഫി കളിച്ചിട്ടുണ്ടെന്നും പി. സരിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൊലീസിന് കോൺഗ്രസ് പക്ഷത്തുനിന്ന് തന്നെ കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാധാരണ ഗതിയിൽ നടക്കുന്ന തിരച്ചിലാണ് നടന്നത്. അത് ഏകപക്ഷീയമല്ല. പരിശോധന വൈകിപ്പിച്ചത് പല പഴുതുകളും ഉണ്ടാക്കിയിട്ടുണ്ടാകാം. പരിശോധന വൈകിപ്പിച്ചതിലൂടെ എന്താണ് സംഭവിച്ചത് എന്ന് പൊലീസ് അന്വേഷിക്കട്ടെ. അതുകൊണ്ട് പണം കണ്ടുകിട്ടിയില്ല എന്നോ പണം അവിടെ ഉണ്ടായിരുന്നില്ല എന്നോ സ്ഥിരീകരിക്കാനാവില്ല -സരിൻ പറഞ്ഞു.
ടി.വി. രാജേഷ്, വിജിൻ എന്നിവരുടെയും മുറി പരിശോധിച്ചിട്ടുണ്ട്. ഒരു കൂട്ടരുടെ മുറി തുറക്കരുത് എന്ന് പറയാനാവില്ല. ലൈവിടലും ആളുകളെ തെറ്റിദ്ധരിപ്പിക്കലുമൊക്കെ കോൺഗ്രസിന്റെ രാഷ്ട്രീയമായ അട്ടിമറിയുടെ ശ്രമമാണ്. പണമെത്തി തുടങ്ങി, പണം കൈമാറപ്പെട്ട് തുടങ്ങി എന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞതാണ്. ഷാഫി കഴിഞ്ഞ ഇലക്ഷൻ ജയിച്ചതെങ്ങനെ എന്നെനിക്കറിയാം. ഷാഫിയുടെ കുതന്ത്രമാണിത്. ഇതിനുമപ്പുറത്തെ നാടകം ഷാഫി കളിച്ചിട്ടുണ്ട്. ഒട്ടും സേഫ് അല്ല എന്ന് തോന്നുന്ന സ്ഥലത്ത് അത് ചെയ്യുക എന്നതാണ് പ്രായോഗിക ബുദ്ധി. അതാണ് ഷാഫിയുടെ മോഡസ് ഓപ്പറാണ്ടി -പി. സരിൻ കുറ്റപ്പെടുത്തി