ഷിരൂരിൽ ഇത് അവസാനത്തെ ശ്രമം, മൂന്നാംഘട്ട തെരച്ചിൽ ആരംഭിച്ചു, ഇരുമ്പ് റിങ് കണ്ടെത്തി; നാളെ വിശദമായ തെരച്ചിൽ

news image
Sep 20, 2024, 5:17 pm GMT+0000 payyolionline.in

ബെംഗളൂരു:കർണാടകയിലെ ഷിരൂരിൽ  മണ്ണിടിച്ചിലിൽ കാണാതായ  കോഴിക്കോട് സ്വദേശി അർജുനിനെ  കണ്ടെത്താനുള്ള മൂന്നാംഘട്ട തെരച്ചിൽ ഇന്ന് ഔദ്യോഗികമായി തുടങ്ങി. കാർവാറിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചിൽ ആരംഭിച്ചത്. ഇത് അവസാന ശ്രമം എന്ന്  കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ കുടുംബവും പ്രതികരിച്ചു. ഇന്ന് വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. നാളെ ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചിൽ ആരംഭിക്കും.

ഇന്ന് വൈകിട്ട് 5.30ഓടെയാണ് ഷിരൂരിൽ ഗംഗാവലി പുഴയില്‍ ലോറി കാണാതായെന്ന് സംശയിക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ എത്തിച്ചത്. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് മൂന്നാം ഘട്ട തെരച്ചിൽ ആരംഭിക്കുന്നത്. വേലിയേറ്റം ആരംഭിച്ചതോടെ രാവിലെ 10 മണിക്ക് തന്നെ  ഡ്രഡ്ജർ ഷിരൂരിന്‍റെ ലക്ഷ്യമാക്കി നീങ്ങി. കൊങ്കൺ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്നു അപകട സ്ഥലത്തിന് 200 മീറ്റർ അകലെ നങ്കൂരമിട്ടു.

അർജുന്‍റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന  സിപി 4ന് സമീപം ആയിരുന്നു ഇത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാർവാർ എംഎൽഎയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയത്. തുടർന്ന്  ദൗത്യം തുടങ്ങുന്നതിനു മുൻപുള്ള പൂജ നടന്നു. ഇത് അവസാന ശ്രമം ആയിരിക്കുമെന്ന് സ്ഥലം എംഎൽഎ സതീഷ് സൈൽ പറഞ്ഞു.

രാവിലെ 11 മണിക്ക് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരാൻ ആയിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജർ സ്ഥലത്തെത്താൻ 5.30 ആയി. ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താൻ ആയില്ല. ലോറിയിൽ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്‍റേത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. നാളെ രാവിലെ എട്ട് മണിക്ക് തെരച്ചിൽ പുനരാരംഭിക്കും. ഉപയോഗിച്ച പരിശോധനയിൽ ലോറിയുടെ സ്ഥാനം കണ്ടെത്താൻ ആകും എന്ന് പ്രതീക്ഷിക്കുന്നതായി കുടുംബവും പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe