കോഴിക്കോട്: ആളില്ലാത്ത സമയത്ത് അപ്പാർട്ട്മെൻറിൽ കയറി മോഷണം നടത്തിയ കേസിൽ യുവാക്കൾ പിടിയിൽ. കോഴിക്കോട് കാരപ്പറമ്പ് പുഴനടമ്മൽ സ്വദേശി നൗഫൽ(30) കുന്ദമംഗലം കോണാട്ട് സ്വദേശി അരീക്കര വീട്ടിൽ ഷാമിൽ മുഹമ്മദ്(30) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തടമ്പാട്ടുത്താഴത്തെ അപ്പാർട്ട്മെൻറിലാണ് ഇവർ മോഷണം നടത്തിയത്. മൂന്ന് തബലകളും 5000 രൂപയുടെ ചെരിപ്പുമാണ് മോഷണം പോയത്. തുടർന്ന് താമസക്കാരിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെയും ഇവർ സഞ്ചരിച്ച വാഹനവും തിരിച്ചറിയുകായായിരുന്നു.
സൈബർ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാമിലിനെ കുന്ദമംഗലത്ത് നിന്നും നൗഫലിനെ ചേവായൂരിൽ നിന്നും പിടികൂടിയത്. നൗഫലിനെതിരെ നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
r
