തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ന് രാവിലെയുണ്ടായ വാഹനാപകടങ്ങളിൽ യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരം വിഴിഞ്ഞത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി. വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 15 കുട്ടികൾക്ക് നിസാര പരുക്കേറ്റു. പരിക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. ഒമ്പത് യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പോരുവന്താം അമലഗിരിക്ക് സമീപാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം ക്ലാരിയിൽ പിക്കപ് ലോറിയും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായി. തിരൂർ- മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന എം.സി ബ്രദേഴ്സ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറിയെങ്കിലും തെങ്ങിൽ ചാരിയതിനാൽ മറിയാതെ നിന്നു. യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കില്ല.എംസി റോഡിൽ പത്തനംതിട്ട പന്തളം കുരമ്പാലയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചു. രണ്ടു ബൈക്ക് യാത്രക്കാർക്ക് ഗുരുതരപരുക്കേറ്റു. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കാർ യാത്രക്കാർക്കും പരുക്കുണ്ട്.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതര പരുക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഡ്രൈവർമാരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തേത്. 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് നിര്‍മാണത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.