സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേർക്ക്. കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായാണ് കഴിഞ്ഞ ദിവസം അഞ്ച് പേർക്ക് പാമ്പുകടിയേറ്റത്. പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്നതിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആന്റിവെനം നൽകേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. പാമ്പ് കടിയേറ്റത്തും, സംശയമുള്ളതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാത്രം 108 ആംബുലൻസിൽ വന്നത് 22 കോളുകളാണ്.
സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നുമ മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
