സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

news image
Feb 11, 2025, 3:32 am GMT+0000 payyolionline.in

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്.  ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിര്‍ത്തി മേഖലയിലാണ്  സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.

ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന  സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുന്നത്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു  കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്.

കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായമായി ഇന്ന് തന്നെ നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേശ്വരി ഉറപ്പു നൽകുകയായിരുന്നു. സോഫിയയുടെ മകൾക്ക് ജോലി നൽകുമെന്നും കളക്ടര്‍ ഉറപ്പുനൽകി. തുടര്‍ന്ന് നാട്ടുകാര്‍ തത്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചു. സോഫിയയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന് നടക്കും.പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം മാറ്റാൻ കഴിഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe