സംസ്ഥാന സർക്കാരിന് ഭരിക്കാൻ അറിയാത്തത് സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചു; സമരം കൊണ്ട് കാര്യമില്ല: കെ.സുരേന്ദ്രൻ

news image
Feb 8, 2024, 11:28 am GMT+0000 payyolionline.in

തിരുവനന്തപുരം∙ പിണറായി വിജയൻ സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നതെന്നും, അതിന് സമരംകൊണ്ട് കാര്യമില്ലെന്നും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ സഹായമില്ലായിരുന്നെങ്കിൽ കേരളം പട്ടിണിയായേനെയെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജന്തർമന്തറിലുള്ള സമരത്തിനെതിരെയായിരുന്നു വിമർശനം.

‘‘ജന്തർമന്തറിൽ അഴിമതിക്കാരുടെ കൂട്ടായ്‌മയാണ് കണ്ടത്. അവർ നിലനിൽപ്പിന് വേണ്ടിയാണ് ഒന്നിച്ചു നിൽക്കുന്നത്. മസാല ബോണ്ട് പോലെയുള്ള തലതിരിഞ്ഞ സാമ്പത്തിക നയമാണ് സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയെ പൂർണമായും തകർത്തത്. മസാല ബോണ്ടിന്റെ മറവിൽ വലിയ തട്ടിപ്പാണ് തോമസ് ഐസക്കും മുഖ്യമന്ത്രിയും നടത്തിയത്. തെറ്റ് ചെയ്‌തതു കൊണ്ടാണ് തോമസ് ഐസക്ക് ഇഡിയിൽ നിന്നൊളിച്ചോടുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകർത്തിട്ട് ഡൽഹിയിൽ പോയി നാടകം കളിച്ചിട്ട് കാര്യമില്ല. ഈ സമരത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിന്തുണച്ചതോടെ കേരളത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു. പ്രതിപക്ഷ ധർമം മറന്ന കോൺഗ്രസ്, കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. രാജ്യം സ്വതന്ത്രമായപ്പോൾ 16 രാജ്യങ്ങളായി  വിഭജിക്കണമെന്ന് പറഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാർ. അതേനിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നും വ്യക്തമാണ്.

ഇടക്കാല ബജറ്റിലും സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ഞെരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷം കോടി അധികം അനുവദിച്ചതാണോ ഈ ഞെരുക്കമെന്ന് അദ്ദേഹം വ്യക്തമാക്കണം. കേന്ദ്ര സർക്കാർ ബ്രാൻഡിംഗ്  നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. കേന്ദ്രം ബ്രാൻഡിംഗ് നടത്തിയാൽ കൃത്യമായ കണക്ക് സംസ്ഥാനത്തിന് കൊടുക്കേണ്ടിവരുമെന്നതിനാലാണത്. ധനകാര്യ കമ്മീഷനാണ് സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുന്നതെന്ന വസ്‌തുത പിണറായി വിജയൻ മറച്ചുവെക്കുകയാണ്’’– കെ.സുരേന്ദ്രൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe