ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ പേരിൽ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വിഡിയോയിൽ കേസെടുത്ത് പൊലീസ്. പരസ്യം നിർമിച്ച ഗെയിമിങ് സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരെയാണ് കേസെടുത്തത്.
സച്ചിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് രമേഷ് പർദ്ദെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ വെസ്റ്റ് റീജിയൻ സൈബർ പൊലീസാണ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. അപകീർത്തിപ്പെടുത്തൽ, ആശയവിനിമയ സേവനത്തിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങൾ അയക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി റീജിയൻ സൈബർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗെയിമിംഗ് സൈറ്റിന്റെയും ഫേസ്ബുക്ക് പേജിന്റെയും ഉടമയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സചിൻ തന്റേതെന്ന രീതിയിൽ പുറത്തുവന്ന വിഡിയോക്കെതിരെ രംഗത്ത് വന്നത്. ഒരു മൊബൈൽ ഗെയിം ആപ്ലിക്കേഷനെ പിന്തുണച്ച് താരം സംസാരിക്കുന്ന രീതിയിലാണ് വിഡിയോയുള്ളത്.
തന്‍റെ മകൾ സാറ ഈ ഗെയിം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായും ഇതിലൂടെ ദിനംപ്രതി 1.8 ലക്ഷം രൂപ സമ്പാദിക്കുന്നതായും ഹിന്ദി ഭാഷയിലുള്ള വിഡിയോയിൽ ‘സചിൻ’ പറയുന്നുണ്ട്. എന്നാൽ, ഈ വിഡിയോ സൂക്ഷ്മമായി നോക്കിയാൽ താരത്തിന്‍റെ മോർഫ് ചെയ്ത ദൃശ്യങ്ങളാണെന്ന് വ്യക്തമാകും. ശബ്ദത്തിലും വ്യത്യാസമുണ്ട്.