യുദ്ധമുഖത്തെ തന്ത്രങ്ങൾ മെച്ചപ്പെടുത്താനും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. 2026-27 ഓടെ എഐ, മെഷീൻ ലേണിങ്, ബിഗ് ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ സൈനിക പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കാനാണ് തീരുമാനം. ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഈ നിർണായക നീക്കം.
എന്തുകൊണ്ട് എഐ?
യുദ്ധമുഖത്ത് തത്സമയം നടക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യാനും വേഗത്തിൽ തീരുമാനമെടുക്കാനും എഐ സഹായിക്കും. നീണ്ട റിപ്പോർട്ടുകൾ വായിച്ചു സമയം കളയുന്നതിനു പകരം, എഐയുടെ സഹായത്തോടെ നിമിഷങ്ങൾക്കുള്ളിൽ സംഗ്രഹിച്ച വിവരങ്ങൾ (summary) ലഭിക്കും. ഇത് സൈനിക ഉദ്യോഗസ്ഥർക്ക് നിർണായക നീക്കങ്ങൾ നടത്താൻ കൂടുതൽ സമയം നൽകും. സംശയങ്ങളുണ്ടെങ്കിൽ എഐ ചാറ്റ്ബോട്ടുകളോട് ചോദിച്ച് വിശദാംശങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും കഴിയും.
വോയ്സ്-ടു-ടെക്സ്റ്റ്: ശബ്ദ സന്ദേശങ്ങൾ ടെക്സ്റ്റുകളാക്കി മാറ്റുന്ന സംവിധാനം, ആശയവിനിമയം കൂടുതൽ സുഗമമാക്കും.
ഫേഷ്യൽ റെക്കഗ്നിഷൻ: മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷ ശക്തമാക്കും.
പാറ്റേൺ ഡിറ്റക്ടറുകൾ: രാജ്യത്തിന് ഭീഷണിയാകുന്ന അസാധാരണ നീക്കങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇത് സഹായിക്കും.
തത്സമയ വിശകലനം: ഡ്രോണുകൾ, സാറ്റലൈറ്റുകൾ, എയർക്രാഫ്റ്റുകൾ, ഗ്രൗണ്ട് സെൻസറുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ തത്സമയം വിശകലനം ചെയ്ത് ഉടനടി തീരുമാനങ്ങൾ എടുക്കാൻ എഐ സംവിധാനങ്ങൾ സഹായിക്കും.
പരിശീലനവും ഗവേഷണവും
ഈ വലിയ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും (ഡിജിഐഎസ്) മറ്റ് ആർമി ഡയറക്ടറേറ്റുകളുമാണ്. സൈനിക ഉദ്യോഗസ്ഥർക്ക് പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നതിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്.
കപ്പാസിറ്റി ബിൽഡിങ്, ഡേറ്റ ഷെയറിങ്, മെയിന്റനൻസ്, സപ്പോർട്ട്, ഇന്റഗ്രേഷൻ തുടങ്ങിയ മേഖലകളിലായിരിക്കും പരിശീലനം. കൂടാതെ, സൈന്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്താനും വികസിപ്പിക്കാനും സ്വന്തം നിലയിൽ ഗവേഷണങ്ങൾ നടത്താനും പദ്ധതിയുണ്ട്.
മിക്ക മേഖലകളിലും എഐയുടെ സാന്നിധ്യം
പ്രതിരോധ രംഗത്തെ മിക്ക മേഖലകളിലും എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് സൈന്യം ലക്ഷ്യമിടുന്നത്:
ഡിസിഷൻ സപ്പോർട്ട് സിസ്റ്റം: നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ സഹായിക്കും.
കൗണ്ടർ–ഇന്റലിജൻസ്: ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കാനും പ്രതിരോധിക്കാനും.
ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ: ആയുധങ്ങളും മറ്റ് സന്നാഹങ്ങളും കൃത്യസമയത്ത് ആവശ്യമുള്ളിടത്ത് എത്തിക്കാൻ.
ഓപ്പൺ സോഴ്സ് ഇന്റലിജൻസ് (OSINT): സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മറ്റ് ഓപ്പൺ സോഴ്സുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യാൻ.
യുദ്ധ സിമുലേഷൻ: സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് യുദ്ധസാഹചര്യങ്ങൾ മുൻകൂട്ടി അനുകരിച്ച് തന്ത്രങ്ങൾ മെച്ചപ്പെടുത്താൻ.
നാവിഗേഷൻ: ജിപിഎസ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും എഐ ഉപയോഗിച്ചുള്ള നാവിഗേഷൻ സംവിധാനങ്ങൾ സഹായകമാകും.
പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുമ്പോൾ എഐ സാധ്യതകൾ ഉൾക്കൊള്ളുന്നവയ്ക്ക് മുൻഗണന നൽകും. പഴയ ഉപകരണങ്ങളിൽ എഐ സാങ്കേതികവിദ്യ സമന്വയിപ്പിച്ച് അവയെ കാലികമാക്കാനും ശ്രമിക്കും.
വ്യോമ, നാവിക സേനകൾക്കും പ്രയോജനം
ഡിജിഐഎസിനു കീഴിൽ ഒരു പ്രത്യേക എഐ ലാബ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇവിടെ വ്യോമ-നാവിക സേനകൾക്കുള്ള എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യും. ഈ രംഗത്തെ പ്രമുഖ കമ്പനികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിച്ച് ഗവേഷണങ്ങൾ നടത്താനും സൈന്യം ലക്ഷ്യമിടുന്നു. 2026-27 കാലഘട്ടത്തോടെ സൈനിക ശേഷി ഗണ്യമായി ഉയർത്താനാണ് ഈ നീക്കങ്ങളിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്.