സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ സ്പീക്കർ ചർച്ചകൾ തുടരും; മന്ത്രിമാരുടെ പട്ടിക ഇന്നോ നാളെയോ തീരുമാനിക്കും

news image
Jun 8, 2024, 4:12 am GMT+0000 payyolionline.in
ദില്ലി: നാളെ മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ജെപി നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. എന്നാൽ സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ. അതിനിടെ, രാജിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദർശിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നൽകി. ബിജെപി അംഗങ്ങളുടെയും എൻഡിഎയിലെ മറ്റ് സഖ്യകക്ഷി എംപിമാരുടെയും പിന്തുണ നരേന്ദ്ര മോദിക്കുണ്ട്. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു.

മോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. സ്ഥിരതയുളള സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും, ചന്ദ്രബാബു നായിഡുവും നിലപാടറിയിച്ചത്. വന്‍ തീരുമാനങ്ങള്‍ മൂന്നാം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാമെന്ന് നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe