തിരുവനന്തപുരം: സബ്‌സിഡി സാധനങ്ങൾ തട്ടിയെടുക്കുന്ന സാഹചര്യത്തിലാണ് സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ആധാർ കാർഡ് നിർബന്ധമാക്കാൻ തീരുമാനിച്ചതെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മാസാവസാനം സബ്‌സിഡി സാധനങ്ങൾ വാങ്ങാത്ത റേഷൻ കാർഡുകളുടെ നമ്പർ സംഘടിപ്പിച്ച് ചില ഔട്ട്‌ലറ്റുകളിൽ തട്ടിപ്പ് നടത്തുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റേഷൻകടകളിലേതുപോലെ ഇപോസ് മെഷീനുകൾ സ്ഥാപിച്ചായിരുന്നു വിതരണം. ഇതുസംബന്ധിച്ച് തുടർനടപടി സ്വീകരിക്കാൻ സപ്ലൈകോ സിഎംഡിയെ ചുമതലപ്പെടുത്തി.
93 ലക്ഷം കാർഡ് ഉടമകൾക്ക് സബ്‌സിഡി സാധനങ്ങൾക്ക് അർഹതയുണ്ട്. മാസത്തിൽ ശരാശരി 40 മുതൽ 45 ലക്ഷം പേർ സബ്‌സിഡി സാധനങ്ങൾ കൈപ്പറ്റുന്നു. നോൺ സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ പത്തുമുതൽ 15 ലക്ഷംവരെ പേരും സപ്ലൈകോ ഔട്ട്‌ലറ്റുകളെ ആശ്രയിക്കുന്നുണ്ട്. വിലക്കിഴിവാണ് ഔട്ട്‌ലറ്റുകളുടെ പ്രധാന ആകർഷണം.