സബ്‌സിഡിയുള്ള എൽപിജി റീഫില്ലിന് ആധാർ ബയോമെട്രിക് നിർബന്ധമാക്കുന്നു; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

news image
Sep 20, 2026, 10:12 am GMT+0000 payyolionline.in

സബ്‌സിഡിയുള്ള എൽപിജി റീഫില്ലുകൾ ലഭിക്കുന്നതിന് ആധാർ ബയോമെട്രിക് പരിശോധന നിർബന്ധമാക്കുന്നു. പുതിയ നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് ആധാർ പരിശോധന പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി മുതൽ സബ്‌സിഡിയോടെ ഗ്യാസ് റീഫിൽ ചെയ്തു ലഭിക്കൂ. ഗ്യാസ് ഡെലിവറി സമയത്തോ, വിതരണക്കാരുടെ ഓഫീസിലോ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ വഴിയോ ഉപഭോക്താക്കൾക്ക് ബയോമെട്രിക് വിവരങ്ങൾ പുതുക്കാവുന്നതാണ്.

​സെപ്റ്റംബർ 19 വരെയുള്ള കണക്കനുസരിച്ച് 27.43 കോടിയോളം വരുന്ന സജീവ ഗാർഹിക ഉപഭോക്താക്കൾ ഇതിനകം തന്നെ ബയോമെട്രിക് വിവരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരക്കാർ ഇനി പ്രത്യേകം വിവരങ്ങൾ നൽകേണ്ടതില്ലെന്നും ഇവരുടെ ഗ്യാസ് വിതരണം തടസ്സമില്ലാതെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. സബ്‌സിഡിയുള്ള എൽപിജി യഥാർത്ഥ ഉപഭോക്താക്കളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നടപടി. വ്യാജ കണക്ഷനുകൾ ഒഴിവാക്കി സബ്‌സിഡി വിതരണം പൂർണ്ണമായും സുതാര്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതേസമയം, യോഗ്യരായ ഒരു ഉപഭോക്താവിനും എൽപിജി സേവനം നിഷേധിക്കപ്പെടില്ലെന്ന് മന്ത്രാലയം ഉറപ്പുനൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe